2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

പലവട്ടം എഡിറ്റ്‌ ചെയ്തു ഗാലറിയിലെത്തുന്ന ഭ്രമിപ്പിയ്ക്കുന്ന ചിത്രങ്ങളെക്കാൾ എത്രയോ സുന്ദരമാണ് മനസ്സിലെ നിഷ്കളങ്കത മിഴികളിൽ കടമെടുത്ത നിന്റെ ചായം പൂശാത്ത ലാളിത്യം..

                                                                                                   ഷീജാ അനില്‍ 
ഒരു മാല കോര്‍ത്തിട്ടുണ്ട് ഞാന്‍ 

നിന്നെ അണിയിയ്ക്കാന്‍

നേര്‍ത്ത മഴനൂലുകളുടെ മര്‍മ്മരങ്ങളില്‍

ഇലത്തുമ്പില്‍ ബാക്കിയായ 

മഴയുടെ കുളിരാര്‍ന്ന വെണ്മുത്തുകള്‍

കോര്‍ത്തു മഴവില്ലിന്റെ നിറങ്ങള്‍ ചാലിച്ച് 

നിനക്കായി മാത്രം ഒരു മാല 

                                           ഷീജാ അനില്‍
വെറുതെ പിണങ്ങേണ്ട

കൊഞ്ചി ചിണുങ്ങണ്ടാ 

പരിഭവം പറയേണ്ട 

പകലൊന്നു മാഞ്ഞോട്ടെ

പരിധി ഉണ്ടെങ്കിലും 

ചെറുമണി കാറ്റിന്റെ 

കയ്യില്‍ നിനക്കെന്റെ 

പ്രണയം കൊടുത്തയച്ചേക്കാം ..

                                             
ഷീജാ അനില്‍ 

ചിരി 


നൊമ്പരങ്ങളുടെ ചില്ല് കഷണങ്ങള്‍ തുളഞ്ഞു കയറി മുറിവേറ്റ മനസ്സിലെ അടക്കാനാവാത്ത ഗദ്ഗദങ്ങള്‍ ചുണ്ട് വക്രിച്ച കരച്ചിലായി പരിണമിച്ചപ്പോഴാണ് മറ്റുള്ളവര്‍ അതിനെ ചിരി എന്ന് വിളിച്ചത് 

                                                                                         
ഷീജാ അനില്‍ 
വാര്‍ധക്യം ബാധിച്ച കല്‍പ്പടവുകളിറങ്ങി പായലുകള്‍ ഇളകുന്ന ജലത്തില്‍ പാദങ്ങള്‍ നനച്ചു ‍കൈക്കുടന്നയില്‍ നിറച്ച ജലം മുഖത്തേയ്ക്കു തൂവി തിരികെ പടവുകള്‍ കയറുമ്പോള്‍ നീ വീണ്ടും എന്റെ മനസ്സില്‍ വിസ്മയം ആവുന്നു ..നിനക്ക് വേണ്ടി ഇതാ എന്റെയും ബലിതര്‍പ്പണം .അന്ധവിശ്വാസം കൊണ്ടല്ല പരേതാത്മാവിന് ശാന്തി ലഭിയ്ക്കുന്നൊരു ലോകമുണ്ടെങ്കില്‍ നീ ആ ലോകത്ത് എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു അവിശ്വാസത്തിന്റെയും പേരില്‍ നിനക്ക് മോക്ഷപ്രാപ്തി ലഭിയ്ക്കാതെ പോകരുത് ...അത് കൊണ്ട് എന്റെ സ്നേഹം നിനക്കൊരു ബലിതര്‍പ്പമാണമായെങ്കിലും.....

വിസ്മയം തോരാത്ത ഞായറാഴ്ചകളിലെ പതിവ് സന്ദര്‍ശനങ്ങള്‍ ..നിനക്ക് ഒരു സങ്കടവും ഉണ്ടെന്നു എനിയ്ക്ക് തോന്നിയിരുന്നില്ല ഒരിയ്ക്കലും ..ഓരോ ഞായറുകളിലും നീ എനിയ്ക്കായി അമ്മുനും മാളുനുമായി..ഓരോ സര്പ്രൈസുകള്‍ കരുതി വെക്കാറുണ്ടായിരുന്നു ...ഒരു ഇടവപ്പാതിയിലെ ഞായറുകളിലോന്നില്‍ സീലിംഗ് ഫാനില്‍ ഞാാത്തു കെട്ടിയ തുണിയില്‍ കഴുത്തൊടിഞ്ഞു ,കണ്ണുകള്‍ തുറുപ്പിച്ചു,നാവു കടിച്ചു തൂങ്ങിനിന്നാടുന്നതായിരുന്നു നീ തന്ന അവസാന വിസ്മയം ..ബോധ്യപ്പെടുത്താന്‍ കാരണങ്ങള്‍ ബാക്കി വെക്കാതെ ആര്‍ക്കും ഭാരമാവാതെ ..പൂരിപ്പിയ്ക്കാന്‍ കഴിയാത്തൊരു സമസ്യയായി കടന്നു പോയെങ്കിലും ..നീ അവശേഷിപ്പിച്ചു പോയ ജീവന്റെ ശേഷിപ്പുകള്‍ എന്നെ അലോസരപ്പെടുത്തുന്നു ...അവരുടെ വേദനകള്‍ ..കാതുകളില്‍ ...തീയുരുക്കുന്നു ..നീയറിയുന്നുവോ എന്റെ നിസ്സഹായത ..? അല്ലുവിനു പഠിയ്ക്കാന്‍ കഴിയണില്ലാന്നു ..കിച്ചുവും അതന്നെ ..ഒറ്റയിരുപ്പാ ആരോടും മിണ്ടാണ്ട്‌ ..നിന്റെ സ്വപ്നങ്ങള്‍ക്ക് നീ വരച്ച ജീവിതത്തിന്റെ രേഖാ ചിത്രങ്ങള്‍ക്ക് നീയില്ലാതെ ആര് വര്‍ണ്ണങ്ങള്‍ ചാലിയ്ക്കും..??എന്തിനായിരുന്നു ഒക്കെ ..?ആര്‍ക്കു വേണ്ടി ..സ്നേഹം തീരാവേദനയാണെന്ന് എന്നേക്കാള്‍ അറിയുമായിരുന്നില്ലേ നിനക്ക് ..? ചിലപ്പോള്‍ നിന്നോട് ദേഷ്യം തോന്നാറുണ്ട് ട്ടോ ...എന്റെ ചിറകു മുറിച്ചെറിഞ്ഞിട്ടല്ലേ നീ കടന്നു പോയത് ..നീ എനിയ്ക്ക് ചെച്ചിയെക്കാള്‍ അമ്മയോ കൂട്ടുകാരിയോ ഒക്കെ ആയിരുന്നല്ലോ ..


                                                                       നീയറിഞ്ഞുവോ എല്ലാവര്ക്കും ഇപ്പൊ പേടിയാ നിന്നെ നീ പിശാചായി മാറീന്ന്...ആവാഹിച്ചു ബന്ധിയ്ക്കണം പോലും എനിയ്ക്ക് പേടിയില്ലാട്ടോ ഒട്ടും ഇവിടെ ഈ മഴ മൂടുന്ന പുലരിയില്‍ മിഴിനീര്‍ വീണു നനഞ്ഞ ചുവന്ന പട്ടില്‍പൊതിഞ്ഞു നിന്നെ ഈ അനന്തസമുദ്രത്തിന്റെ അഗാധതയില്‍ ലയിപ്പിച്ചു മടങ്ങുമ്പോഴും ഞാന്‍ ഒപ്പം കൊണ്ടുപോകുന്നുണ്ട്‌ ഒളി മങ്ങാത്ത നിന്റെ ഓര്‍മ്മകളെ .ഇനിയും മരിയ്ക്കാത്ത നിന്റെ സ്നേഹത്തെ ...നീ സമാധാനമായി ശാന്തിയുടെ തീരത്തണയുക...ഇവിടെ ഞാനുണ്ട് നീ ബാക്കി വെച്ച് പോയതൊക്കെ എന്റെയീ ജന്മം കൊണ്ട് പറ്റുവോളം പൂര്‍ണ്ണമാക്കാന്‍.. പോകുകയാണ് നിന്നെ വിട്ടു..ഞാന്‍ . ആത്മാവ് എന്നത് സത്യമാണെങ്കില്‍ നീ ഇപ്പോള്‍ കരയുന്നുണ്ടാവുമോ ഈ ബസ്സിന്റെ ജാലകത്തിലൂടെ ..മഴക്കമ്പികള്‍ വലനെയ്യുന്ന പ്രകൃതിയിലേക്ക് നോക്കുമ്പോള്‍ ...ഓരോ മഴനാരിലും തെളിയുന്നത് നിന്റെ വിങ്ങി വിതുമ്പുന്ന മുഖവും നീര്‍ നിറഞ്ഞ മിഴികളും മാത്രം ..എങ്കിലും പോകാതെ വയ്യെനിയ്ക്ക് മാപ്പ്

                                                                                  ഷീജ അനില്‍
നൊമ്പരം തീര്‍ത്ത നെരിപ്പോടിനുള്ളില്‍

പാതിയും വെന്ത കിനാക്കളും പേറി

ചിറകടിച്ചെങ്ങോ പറന്നകലുന്നു നിന്‍

പ്രാണന്‍റെ ദുര്‍ബല സ്പന്ദനങ്ങള്‍ 

                                           ഷീജാ അനില്‍ 
ജീവിതമേ കൂലം കുത്തി പായുന്നൊരു 

കാട്ടരുവി പോലെ 

ഓര്‍മ്മകളെ കടപുഴക്കിയെറിഞ്ഞു നീ 

മുന്നോട്ടു പായുന്നുവെങ്കിലുംളില്‍

അടിഞ്ഞു കൂടുന്നുണ്ട്

നൊമ്പരങ്ങള്‍ ചിതറിയ പൊട്ടും പൊടിയും..

                                        ഷീജാ അനില്‍ 
കദനങ്ങള്‍ ചിറകറ്റ ശലഭങ്ങളായി നിന്‍

ഹൃദയമാം കൂട്ടില്‍ പിടഞ്ഞടിയ്ക്കെ 

പറയുവാനാവാത്ത മൊഴികള്‍ നിന്നധരത്തില്‍ 

വിറയാര്‍ന്നു മെല്ലെ വിതുമ്പി നില്‍പ്പൂ 

പുഴയിറമ്പില്‍ നിന്ന പൂമരചോട്ടില്‍ നാം 

പ്രണയം പകര്‍ന്നിട്ട നാളിലൊന്നില്‍

മഴവില്ല് വിരിയും നിന്‍ മിഴി തന്നിലുലയു
ന്ന 

സ്നേഹ നാളം മങ്ങി മാഞ്ഞു പോകെ 

ചിതകത്തിയമരുന്നു ഹൃദയത്തില്‍ നിന്ന് നി
ന്‍ 

വ്രണിത മോഹങ്ങള്‍ തന്‍ ചിറകൊച്ചയകലുന്നു 

മിഴിയടയ്ക്കാതെന്റെ നിനവുകളില്‍ മാത്രമായ്‌

നിറയുന്നു നീയിനി എന്നെയ്ക്കുമായ് 

                                          ഷീജാ അനില്‍ 
മഴമേഘമേ ഉറവകളില്‍ 

ഉയിര്‍കൊണ്ട നിശ്വാസങ്ങള്‍ 

ഉള്തുടിപ്പാക്കി നീ 

തിമിര്‍ത്തു പെയ്യുമ്പോള്‍ 

നനുത്ത തണുവാര്‍ന്ന 

നിന്‍ ചിറകിന്‍ കീഴില്‍

 
അഭയം തേടുന്ന ഭൂമിപ്പെണ്ണിനൊപ്പം
 
ഈ ഞാനും ..................

                         ഷീജാ അനില്‍
അന്നൊക്കെ നീ തന്ന നിറവാര്‍ന്ന 

സ്നേഹത്തിന്റെ കംബളം പുതച്ചാണ് 

ഞാന്‍ നോവിന്റെ ഇരുളാര്‍ന്ന

ആഴങ്ങള്‍ നീന്തിക്കടന്നത് 

ഇന്നോ ??????   

                                   ഷീജാ അനില്‍             
വെളിച്ചത്തിന് നേര്‍ക്ക്‌ പറന്നടുത്തു മരണത്തെ പുണരുന്ന ഈയാമ്പാറ്റകളെ പോലെയാണ് ചിലപ്പോഴൊക്കെ നമ്മളും ...വെച്ച് നീട്ടുന്നത് സ്നേഹത്തിന്റെ മുന്തിരി ചാറെന്നു കരുതും പക്ഷെ കിട്ടുക കണ്ണീരിന്‍റെ..കയ്പ്പ് രസം മാത്രാവും..

                                                       ഷീജാ അനില്‍ 
നിഴലുറങ്ങും നിലാവിന്റെ 

കൂട്ടിലേയ്ക്കാരോ വരുന്നുണ്ട് 

കാലൊച്ചയില്ലാതെ 

കനവു നെയ്യുവാനില്ലിനി നേരവും 

വിടപറയാന്‍ കഴിയാതെ മൌനവും ...

                                                  ഷീജാ അനില്‍ 

കണ്ണീര്‍ പുഴ 


വേനലുരുക്കി വേരാക്കി മാറ്റിയ

പുഴയുടെ മിഴികളില്‍

ചിരിമണി ചിലമ്പണിഞ്ഞാര്‍ത്തലച്ചൊഴുകിയ


പോയകാലത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച

ഒരിറ്റു കണ്ണീര്‍ ബാക്കിയാവുന്നു ..

                                                          ഷീജാ അനില്‍ 

ചുവര്‍ചിത്രം 


പിഞ്ഞിപോയ കനവുകള്‍

തുന്നിച്ചേര്‍ക്കാന്‍ കൊതിച്ചു

ചുവര്‍ ചാരിയിരുന്നവളത്രേ

ഒടുവില്‍ ചുവര്‍ ചിത്രമായത്...

                                           ഷീജാ അനില്‍ 

ഒറ്റ ശ്വാസത്തില്‍ ചൊല്ലാമോ ...??


ഹേ കുറുമ്പന്‍ കാറ്റേ നിന്റെ ചുംബനമേറ്റു

നാണിച്ചു മുഖം പൊത്തി തലയാട്ടി നില്‍ക്കുന്ന 

മുറ്റത്തെ ചെമ്പരുത്തിയിലെ തേന്‍ നുകര്‍ന്ന 

തുമ്പിയുടെ പിന്നില്‍ പമ്മി പതുങ്ങിയെത്തി
യ 

കൊലുസ്സുകള്‍ കൊഞ്ചുന്ന ബാല്യത്തോട് 

നീയെന്തേ പറഞ്ഞില്ലാ തലയ്ക്കു മീതെ 

വട്ടം ചുറ്റുന്ന കഴുകന്റെ കണ്ണിലെ 

ചോര മണക്കുന്ന ക്രൌര്യത്തെ പറ്റി..??????.


                                                  ഷീജാ അനില്‍ 
ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കിയാല്‍ അകലെ പള്ളിയുടെ മിനാരങ്ങളില്‍ നിന്നും പ്രാവുകള്‍ കൂട്ടമായി ചിറകടിച്ചുയരുന്നത് കാണാം ..വാകമരങ്ങളെയോന്നാകെ ഉലച്ചു കടുംചുവപ്പും മഞ്ഞയും നിറങ്ങളാര്‍ന്ന ഒരു കുടന്ന പൂക്കളുതിര്‍ത്തു പാറിച്ചു കൊണ്ട് കാറ്റ് കുസൃതിയാല്‍ ഒന്ന് കുണുങ്ങി ചിരിച്ചു തൊട്ടുരുമ്മി കടന്നുപോകും ..ആകാശത്തിന്‍റെ വിരിമാറില്‍ ഇനിയും പെയ്യുവാന്‍ മടിച്ചു തുലാവര്‍ഷമേഘങ്ങളങ്ങിനെ ..... (ചിലപ്പോഴൊക്കെ പെയ്തും)ഒഴുകിനടക്കുന്നത്‌ കാണാം ..കുറെയായി എന്‍റെ സായാഹ്നങ്ങള്‍ ഇങ്ങനെയാണ് ...കാറ്റിനൊപ്പം പാറാന്‍ കൊതിച്ചു മേഘങ്ങള്‍ക്കൊപ്പം തുള്ളിക്കളിയ്ക്കാന്‍ കൊതിച്ചു ആര്‍ത്തു വിളിയ്ക്കുന്ന മനസ്സുമായി ഞാനാ ജാലകത്തില്‍ മുഖം ചേര്‍ത്തു നോക്കി നില്‍ക്കും ..ന്താ രസ്സംന്നറിയുവോ..?  

                                                                                                    ഷീജ അനില്‍ 

                                                                                                   
നിങ്ങള്‍ക്കറിയില്ലേ അയനപക്ഷികളെ കുറിച്ച് ..?ഋതുക്കള്‍ മാറുന്നതനുസരിച്ച് ദേശാടനം നടത്തുന്ന അയനപക്ഷികള്‍..... ശിശിരകാലത്തിന്റെ ആഗമനമടുപ്പിച്ചു വിഷാദമൂകരാവുന്ന അയനപക്ഷികള്‍ ശിശിരമെത്തുന്നതോടെ കൂട്ടമായി പറന്നകലുന്നു.. അകലങ്ങളിലേയ്ക്ക്.എവിടെയെവിടെയോ അലഞ്ഞു സ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്തു ...വീണ്ടുമൊരു വസന്തത്തോടൊപ്പം എവിടെ നിന്നെന്നറിയാതെ
തിരികെ എത്തുന്നു ...വസന്തം തളിരണിയിച്ച മരച്ചില്ലകളില്‍ വീണ്ടും കൂടൊരുക്കി സ്വപ്‌നങ്ങള്‍ പങ്കിട്ടു പ്രണയം പങ്കിട്ടു അനന്ത വിഹായസ്സില്‍ പാറിനടക്കുന്നു .. ഇനിയുമൊരു ശിശിരത്തിന്റെ ഓര്‍മ്മകളില്ലാതെ ...നമുക്കും അയനപക്ഷികളെ പോലെയാവാം  

                                                                       ഷീജാ അനില്‍ 


.നിന്റെ മനസ്സിലെ എന്റെ ഓര്‍മ്മകളെ എന്ന പോലെ .... നീ

പൂക്കളര്പ്പിയ്ക്കാന്‍ മറന്ന എന്റെ കല്ലറയെ.. ...ശിശിരം കൊഴിച്ചിട്ട

കരിയിലകള്‍ പാടെ മൂടിക്കളഞ്ഞിരിയ്ക്കുന്നു..നമ്മളെ സ്വപ്‌നങ്ങള്‍

കാണാന്‍ പഠിപ്പിച്ച ..മന്ദാരങ്ങള്‍ പൂത്ത ഇടവഴികളും ,,ചക്രവാളം

ചുവപ്പിച്ചു കടലിന്റെ ആഴങ്ങളില്‍ മുങ്ങി മരിയ്ക്കുന്ന സൂര്യനെയും

രാത്രികളെ പ്രണയിയ്ക്കാന്‍..നക്ഷത്രങ്ങളുടെ അകമ്പടിയോടെ വന്നെത്തുന്ന

ചന്ദ്രനേയും നീ മറന്നിരിയ്ക്കുന്നു..ഒപ്പം..നഷ്ടസ്വപ്നങ്ങളുടെ നൊമ്പരങ്ങള്‍

പേറി കല്ലറയ്ക്കുള്ളിലുറങ്ങുന്ന എന്നെയും ...പരാതികളില്ല

..പരിഭവങ്ങളും ...

                                                   ഷീജാ അനില്‍ 
ഞാന്‍ തിരികെ പോകുകയാണ് ..പണ്ടേ പോലെ... എന്റെ മൌനത്തിന്റെ
വല്മീകത്തിലേക്ക് ..വാക്കുകള്‍ക്കതീതമായ വാചാലതയി ലേയ്ക്ക് ..അവിടെ മരണത്തിന്റെ തണുപ്പ് നിറഞ്ഞ താഴ്വാരത്തില്‍ പുകമഞ്ഞിന്റെ നിറമുള്ള കുപ്പായമണിഞ്ഞു ...ജനിമൃതിയുടെ പടവുകള്‍ തേടി അലയണം എനിയ്ക്ക് ...ഈ ജന്മം നഷ്ടമായതെല്ലാം വീണ്ടുമൊരു ജന്മത്തില്‍ തിരിച്ചു കിട്ടാന്‍ മോഹിച്ചു ..ആ കല്പടവുകളില്‍ തപസ്സു ചെയ്യണം..
                                                 
                                                                  ഷീജാ അനില്‍ 
എരിയുന്ന പകലിന്റെ

പൊള്ളുന്ന മാറിലേയ്ക്കൊരു തുള്ളി

തീര്‍ഥം തളിയ്ക്കും മുകില്‍ പോലെ

പിടയുന്ന ഹൃദയത്തിന്നാഴത്തില്‍ നീ

സ്നേഹമുകുളം വിടര്‍ത്തുന്നു

കുളിരുന്നോരോര്‍മ്മയായ് ......

                              ഷീജാ അനില്‍ 
വ്യെഥ 

ഏതേതു ജന്മങ്ങളില്‍

എത്രയെത്ര എഴുത്തോലകളില്‍

പകര്ത്തിയെഴുതിയാല്‍ തീരും

നിമിഷങ്ങളുടെ

ആവേഗങ്ങള്ക്കിഴടയില്‍ പോലും

നൊമ്പരങ്ങളുടെ കനല്ചൂടില്‍

വെന്തു മരിയ്ക്കുന്ന

നിന്റെ ഹൃദയവ്യഥ....???? 

                                    ഷീജാ അനില്‍ 


മഴ പെണ്ണെ 

നിന്റെ വരവറിയിച്ചു 

ഒരു കുറുമ്പന്‍ കാറ്റ് 

കുളിരും ചുമന്നു 

തൊടിയിലെ പിച്ചകത്തെ 

മുത്തമിടുന്നു ...

ഞാനോ ,,,??

പാതി തുറന്ന ജാലകത്തിലൂട്ടെ 

പുറത്തെ പച്ചപ്പിലേയ്ക്ക് കണ്ണ് നട്ട്

മരച്ചില്ലകളെ തളിരണിയിച്ചു 

വരുന്ന ഇമ്പമാര്‍ന്ന നിന്റെ 

ശബ്ദ വീചികള്‍ കാതോര്‍ത്ത് 

ഭൂമിയെ പുളകം ചാര്‍ത്തുന്ന നി
ന്റെ 
തണുത്ത കമ്പളം പുതച്ചു 

നിന്നിലലിയാന്‍ കൊതിച്ചു 

ബാല്യത്തില്‍ന്റെ ഓര്‍മ്മകളിലേയ്ക്ക്

ഒരു തിരിച്ചു പോക്കിന് മോഹിച്ചു 

വെറുതെ ..ഇങ്ങിനെ ......

                                  ഷീജാ അനില്‍ 
നിവൃത്തികേടുകളുടെ സഹിഷ്ണുതയാണ്

ജീവിതം എന്ന് വീണ്ടും ഓര്മപ്പെടുത്തി,

കണ്ണീരിനും ഗദ്ഗദങ്ങള്ക്കും ഇടയില്പ്പെട്ടു


ഹൃദയത്തിലെ കവിതകള്‍

പിറക്കും മുന്നേ മരിച്ചു വീഴുന്നു
...

                        ഷീജാ അനില്‍ 
കണ്ണൊന്നടച്ചാല്‍ ഹൃദയത്തിനുള്ളില്‍

ഇണ നഷ്ടപ്പെട്ടു മൊഴികള്‍ നഷ്ടപ്പെട്ടു

പാടാന്‍ മറന്നൊരു രാപക്ഷി


അകലെയൊരു ഏകാന്തദ്വീപിലെ

ഇലകൊഴിഞ്ഞ ഒറ്റമരത്തില്‍

വേദനയോടെ ചിറകടിച്ചു  പിടയുന്നു
 

                      

                                  ഷീജാ അനില്‍             

അമ്മ 


ഞാനെത്തുമ്പോള്‍

അമ്മ ഉറങ്ങികഴിഞ്ഞിരുന്നു

കണ്കോണുകളില്‍ കാത്തിട്ടും

കാണാന്‍ കഴിയാതിരുന്നതിന്റെ

വ്യധയോര്മിപ്പിയ്ക്കുവാന്‍

ഒരിറ്റു കണ്ണീര്‍ ബാക്കി വെച്ച്,

കുളിരാര്ന്ന സ്നേഹാധിക്യത്തിന്‍

നനുത്ത ചിറകടിയൊച്ചയാല്‍

ചുണ്ടുകള്‍ വിതുമ്പി വിറയ്ക്കാതെ,

പൂപ്പുഞ്ചിരിയുടെ നിറവസന്തങ്ങള്‍

ഒരിയ്ക്കല്‍ കൂടി എനിയ്ക്കായ്‌ വിടര്ത്താതെ,

അമ്മ മടങ്ങിയിരിയ്ക്കുന്നു

കൈവെള്ളയിലേക്കിറ്റു വീണ

കണ്ണീര്തുള്ളികളില്‍ അമ്മയ്ക്ക് നല്കി്യ

വാഗ്ദാനങ്ങള്‍ കളിയാക്കി ചിരിയ്ക്കുന്നു

അടുത്ത അവധിയ്ക്ക് കൂടുതല്‍ ദിവസ്സം......

ചിതയിലമര്‍ന്ന ചാമ്പലോരെണ്ണം

കാറ്റില്‍ പറന്നു കാതോരം പറയുന്നു

സാരംല്ല ....അമ്മയ്ക്കറിയില്ലേ ..???

                                      ഷീജാ അനില്‍ 
ഓണം 

മഹാബലിയുടെ യാത്ര അവസാനിച്ചത്‌
ചാണകം മെഴുകിയ ഇറയമുള്ള
പുല്ലുമേഞ്ഞ കുടിലിനു മുന്നില്‍
മുറ്റത്തു കാറ്റ് ചിതറിച്ച പൂക്കളത്തില്‍
ഏതാനും തുമ്പപ്പൂവുകള്‍ 
അവിടവിടെയായ് അവശേഷിച്ചിരുന്നു
ഇറയത്തു അക്ഷമയോടെ
അച്ഛനെ കാത്തിരിയ്ക്കുന്ന
ഓമനത്വമുള്ള ആണ്കുഞ്ഞു
അവനറിഞ്ഞിരുന്നില്ല പുത്തനുടുപ്പും
സമ്മാനങ്ങളും വാങ്ങാന്‍ പോയ അച്ഛനെ
മതഭ്രാന്തന്മാര്‍ വെട്ടിയരിഞ്ഞു
വഴിയിലെറിഞ്ഞത്
മഹാബലിയുടെ കണ്ണില്‍ നിന്നിറ്റു വീണ
കണ്ണീര്തുള്ളികള്‍ തുമ്പപ്പൂക്കളെ
ചോരച്ചുവപ്പണിയിയ്ക്കുന്നത്
അവനത്ഭുതത്തോടെ നോക്കിയിരുന്നു
ഓണം കണ്ണീരണിയുന്നതറിയാതെ..

                               ഷീജാ അനില്‍ 
അന്നും പതിവ് പോലെ ഞാന്‍ സായാഹ്ന സവാരിയ്ക്കിറങ്ങി..അധ്യാപക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം ..മകന്റെ നിര്ബന്ധത്തിനു വഴങ്ങിയാണ് ജനിച്ചു വളര്ന്ന നാടുപേക്ഷിച്ച് നഗരത്തിലേയ്ക്ക് ചേക്കേറിയത് ...വന്നത് മുതല്‍ ഒരു ശീലമാണ് വൈകുന്നേരങ്ങളിലെ ഈ നടത്തം ..നഗരത്തിന്റെ തിരക്കുകളിലൂടെ ഊളിയിട്ടു ..കടല്തീരം വരെ...കുറച്ചു നേരം തിരകളോട് സല്ലപിച്ചു ശുദ്ധവായു ശ്വസിച്ച്..ശേഷം തിരികെ വീട്ടിലേയ്ക്ക് ...മെല്ലെ നടക്കുകയായിരുന്നു ഞാന്‍ ..തീരത്തോടടുക്കവേ ...മുന്നില്‍ കഷ്ട്ടിച്ചു..എട്ടോ പത്തോ വയസ്സ് മാത്രം പ്രായം തോന്നിയ്ക്കുന്ന ഒരു പെണ്കുട്ടി നീട്ടിയ കൈയ്യോടെ ...വിശക്കുന്നു സര്‍ ..ഇന്നൊന്നും കഴിച്ചിട്ടില്ല..എന്തെങ്കിലും തരാമോ..? ചിലമ്പി ചിതറിയ ശബ്ദം ...നാട്ടിന്പുറത്ത് ജനിച്ചു വളര്ന്നു അധ്യാപകനായി കുട്ടികളെ സ്നേഹിച്ചു കഴിഞ്ഞ എന്റെ മനസ്സില്‍ ആ മുഖം വേദനയുണര്ത്തി..ക്ഷീണിച്ചതെങ്കിലും കണ്ണുകളിലെ നിഷ്കളങ്കതയില്‍ ആ മുഖത്തിനു ഒരു ഓമനത്തം തോന്നിയിരുന്നു ..ഞാന്‍ എന്റെ പേരക്കുട്ടിയെ ഓര്ത്ത് പോയി.ആര്ഭാടങ്ങളുടെയും നാനാതരം ഭക്ഷണങ്ങളുടെയും ലോകത്ത് ഓടിനടക്കുന്ന അവള്‍ ..ഇവിടെ വിശന്ന വയറിന്റെ കത്തലടക്കാന്‍ നീട്ടിയ കയ്യോടെ യാചന നിറയുന്ന മിഴികളോടെ ഇവള്‍ .കണ്ണുകളില്‍ അറിയാതെ ഈറന്‍ പൊടിഞ്ഞു . .ഞാന്‍ അവളെ നോക്കി ..ആ കുഞ്ഞു മിഴികള്‍ പ്രതീക്ഷയോടെ എന്നില്‍ തറഞ്ഞിരിയ്ക്കുന്നു....പോക്കറ്റില്‍ കയ്യിട്ടു ഒരു പത്തു രൂപ നോട്ടെടുത്ത് നീട്ടാനൊരുങ്ങുംപോള്‍..മനസ്സിലോര്ത്തു ഇവളൊരു ഭിക്ഷാടന മാഫിയയുടെ കണ്ണിയാവില്ലേ? ഈ പത്തു രൂപനോട്ടു പിടിച്ചു വാങ്ങാന്‍ ഇവള്ക്കൊരു മുതലാളി ഉണ്ടാവില്ലേ ..ഉണ്ടാവും ...ഈ പണം അയാള്‍ പിടിച്ചു വാങ്ങും മനസ്സ് പറയുന്നു ..അവള്ക്കു വയര്‍ നിറയ്ക്കാന്‍ ഭക്ഷണം പോലും കൊടുക്കില്ലായിരിയ്ക്കം ..ഞാന്‍ അല്പ്പം ആലോചിച്ചു ..കാശ്..തിരികെ പോക്കറ്റിലിട്ടു ...ദൂരെ കടല്തീ്ര റെസ്റ്റോറന്റ് എന്ന ബോര്ഡ് കണ്ടു ..ഞാന്‍ അവളോട്‌ പറഞ്ഞു മോള്‍ കൂടെ വരൂ നിനക്ക് കഴിയ്ക്കാന്‍ ഭക്ഷണം വാങ്ങിത്തരാം ..അല്പ്പമൊരു സങ്കോചത്തോടെ അവള്‍ മടിച്ചു നിന്നു..മനസ്സിലെ വാത്സല്യത്തിന്റെ ഉള്പ്രേരണയാല്‍ എന്റെ കൈവിരല്‍ അവളുടെ നേര്ക്ക്ം‌ നീണ്ടു ..അത്ഭുതത്തോടെ ആ കുഞ്ഞു മിഴികള്‍ വിടര്ത്തി അവളെന്നെ നോക്കി .നോട്ടത്തിനോടുവില്‍ ആ കണ്ണുകളില്‍ നീര്ത്തുള്ളികള്‍ നിറയുന്നത് ഞാന്‍ കണ്ടു.. ആ കണ്ണുകള്‍ തുടച്ചു കൈകളില്‍ ബലമായി പിടിച്ചു ഞാനവളെ റസ്റ്റോറന്റിലേയ്ക്ക് നടത്തി..മടിച്ചു മടിച്ചു അവളെന്റെ പിന്നാലെ വന്നു ..ആളുകള്‍ അത്ഭുതത്തോടെ നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു...ഭക്ഷണം കാത്തിരിയ്ക്കുമ്പോള്‍..ഞാന്‍ ചോദിച്ചു മോളുടെ പേരെന്താ ? തുളസി ..വീണ്ടും ചിലമ്പിച്ച ശബ്ദം ..അപ്പോഴേയ്ക്കും ഭക്ഷണം വന്നു ..ആര്ത്തി യോടെ അവളതു കഴിയ്ക്കുന്നത് നോക്കി നിറഞ്ഞ സംതൃപ്തിയോടെ ഞാനിരുന്നു ..

                                                            ബില്‍ കൊടുത്തു അവളോടൊത്ത് കടലോരത്തെയ്ക്ക് നടക്കാനോരുങ്ങവേ..ഒരു പറ്റം ആള്ക്കാര്‍ ഞങ്ങളെ വളയുന്നു..അപ്പൊ ഇതാണ് പരിപാടി അല്ലേ ? തോളത്തു പതിയുന്ന ബലിഷ്ടമായ കൈകള്‍ ..വിളിയ്ക്കെടാ പോലീസിനെ ..ആരോ പറയുന്നു ..ഒന്നും മനസ്സിലാവുന്നില്ലെനിയ്ക്ക് കരണം പുകയുന്ന ഒരടി..കണ്ണുകളില്‍ കൂടി പൊന്നീച്ചകള്‍ പാറുന്നു ..ആരോ പറയുന്നത് കാതുകളില്‍ അവ്യക്തമായി കേള്‍ക്കുന്നു ..ഭക്ഷണം വാങ്ങി കൊടുത്ത് പ്രലോഭിപ്പിച്ചു കൊണ്ട് പോകുകയാണ്..ഇവനൊക്കെ മനുഷ്യനാണോ ..തല്ലികൊല്ലുകയാണ് വേണ്ടതു ..കൊച്ചുമകളാകാന്‍ പോലും പ്രായമില്ലാത്ത ഒരു കൊച്ചു..പിച്ചക്കാരിയാകുമ്പോള്‍ ആരും ചോദിയ്ക്കില്ലല്ലോ..ഞാന്‍ നടുങ്ങി വിറച്ചു ..ഞാനൊന്നു പറയട്ടെ ഞാന്‍ പറയാന്‍ ചുണ്ടുകള്‍ വിടര്ത്തി നീയൊന്നും പറയണ്ടെടാ.പോലീസ് വന്നിട്ട് പറഞ്ഞാല്‍ മതി .അവര്‍ ഒരു പീഡന ക്കേസ്സിലെ പ്രതിയെ എന്നത് പോലെ അനങ്ങാന്‍ കൂടി സമ്മതിയ്ക്കാതെ എന്നെ ബലിഷ്ട്ടമായി തടഞ്ഞു വെച്ചു ..ഞാന്‍ ചുറ്റിനും നോക്കി തുളസിയെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല..പോലീസെത്തി ആരോ വിളിച്ചു പറയുന്നു..എന്നെ ജീപ്പിലേയ്ക്ക് തള്ളിക്കയറ്റി വലിയൊരു കര്ത്തവ്യം ചെയ്തു തീര്ത്ത സംതൃപ്തിയോടെ ജനക്കൂട്ടം കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്നത് നീര്‍ നിറഞ്ഞു മങ്ങിപോയ കണ്ണുകളിലൂടെ ഞാന്‍ കണ്ടു ...എന്റെ നല്ല സമയത്തിനു മകന്റെ സുഹൃത്തായ വ്യെക്തി..പോലീസു കാരുടെ കൂട്ടത്തിലുണ്ടായിരുന്നു ..അവനോടു കാര്യങ്ങള്‍ വിശദീകരിയ്ക്കുമ്പോള്‍..വാക്കുകള്‍ ഇടറി പോകുന്നുണ്ടായിരുന്നു ...വിവരമറിഞ്ഞെത്തിയ..മകനോടോപ്പംതിരികെ വീട്ടിലെത്തി ..ഒരു സമാധാനത്തിനായി ഭാര്യയോടു ഒക്കെയും തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ നീണ്ട മുന....രാത്രിയില്‍ പാതിയുറക്കത്തില്‍ വിളിച്ചുണര്ത്തി അവളെന്നോട് ചോദിയ്ക്കുന്നു ദേ നിങ്ങള് സത്യത്തില്‍ എന്തിനാ ആ കൊച്ചിനെ ..സുഹൃത്തുക്കളെ ..ഞാനീ രാത്രിയില്‍ ഒരു പ്രബന്ധം തയ്യാറാക്കുകയാണ് ,നന്മ വറ്റിപ്പോയ നഗരങ്ങളെ കുറിച്ച് ..മനുഷ്യരെ കുറിച്ച് ..ഗ്രാമങ്ങളെയും ഗ്രാമീണരെയും കുറിച്ച് നാട്ടിട വഴികളെ കുറിച്ച് ..നന്മയുടെ കൈനാറിപ്പൂക്കളെ കുറിച്ച്....

                                                                  ഷീജാ അനില്‍